Saturday, August 14, 2010

പ്രണയം

പ്രണയം

ഓര്‍മ്മകള്‍ക്ക്
ഒടുങ്ങാത്ത ദാഹമാണ്.

മറവിയുടെ ജലം
പെയ്തിറങ്ങും
താഴ്വാരങ്ങള്‍
ദൂരെ

എന്റെ രക്തം
ജലംപോലെ
വര്‍ണ്ണരഹിതം

നിറംപോലും അവശേഷിപ്പിക്കാതെ
സ്നേഹം വാര്‍ന്നുപോകുമ്പോള്‍,
മേല്‍ക്കൂര കത്തുന്നു.
മറവില്‍നിന്നാരോ
ശരംതൊടുക്കുന്നു.

തീപിടിക്കാതെ,
അമ്പുകൊള്ളാതെ
പ്രളയമേ
വന്നെന്നെപൊതിയുക.


http://manjuvijayanmanju.blogspot.com

Saturday, August 7, 2010

ദാഹം

ശിഖരങ്ങള്‍
തിരിച്ചെടുക്കാനാവാത്ത ദൂരങ്ങളിലേക്ക്
പടര്‍ന്നുപോവുമ്പോള്‍,

ആഴ്ന്നാഴ്ന്നു പോവും വേരുകളില്‍
ആണിയടിക്കപ്പെടുന്നു.

കണ്‍കെട്ടിയ കാലം
മുടന്തന്‍ വഴികളില്‍

ഒഴുകാതെ,
കിനിയാതെ
ചോരയെ അടക്കിനിര്‍ത്തും
മുറിവുകള്‍ -

അകലെനില്‍ക്കും
നീലമേഘം
അരികില്‍വന്ന്
ഒരൊറ്റത്തുള്ളിയായി
ശിരസ്സില്‍ ചുംബിച്ച്
ശിഖരങ്ങളെ തഴുകിയിറങ്ങി,
വേരുകളുടെ
തൊണ്ട നനയ്ക്കുംവരെ

Sunday, August 1, 2010


നിറങ്ങളുടെ കടല്‍


ഓരോ ദിവസവും
വേറിട്ടൊരു വഴിയാണ്
തിരയുന്നത്.

ഏതുവഴിയിലും
ഒരേ സുഹൃത്തു തന്നെ
എതിരെ വരുന്നു.

ചിരിച്ചു കൈനീട്ടുമ്പോള്‍
മാറിയ മുഖമെന്നു
സുഹൃത്തു പറയുന്നു.

എന്നും
ഒരേ മുള്‍മരം
വഴിയില്‍ നില്‍ക്കുന്നു.

ചിറകു കുരുങ്ങിയ
ശലഭങ്ങളും
ഹൃദയം തുളഞ്ഞുപോയ
കരിയിലകളും...

ഒടുവിലൊരു കടല്‍
വഴിയെ തടുക്കുന്നു.

നിറങ്ങളുടെ കടല്‍
തിരകളെ പായിക്കുന്നത്
പുതിയ ചിത്രങ്ങളെഴുതാനാവണം.

പഴയതൊന്നും
ബാക്കി വെയ്ക്കാതെ
മായ്ച്ചു മായ്ച്ച്...

-മഞ്ജു

Monday, July 5, 2010

മരിച്ച വാക്കുകള്‍

അടഞ്ഞ ജാലകം
വിള്ളലിലൂടെ
വെയില്‍വരകളെക്കാണിക്കും
നിലാവും
വരകളായ് വന്നുതൊടും
തൊണ്ട കയ്ക്കും
കാഴ്ചയിലൊരേ ചിത്രം -
കണ്ണടയ്ക്കേണ്ട, തുറക്കേണ്ട.


അരികില്‍വന്നാരോ
തൊട്ടുവിളിക്കും പോലൊരു
തോന്നലായിടയ്ക്കിടെ
ടെലിഫോണ്‍ ശബ്ദിക്കും


പുറത്തുണ്ടാവാം
ആരുടെയോ അതിഥികളെപ്പോലെ
നിഴല്‍ക്കൂട്ടങ്ങള്‍,
കരിയിലക്കാറ്റുകള്‍


ഉറക്കം ഞെട്ടിയപോല്‍
താനേ തുറക്കും ജാലകം
മാറും ചിത്രം


ഇപ്പോള്‍,
മഴക്കാറിനാല്‍
മുഖം മൂടി നില്ക്കും
മാനം


ഏകാന്തതയുടെ ശിഖരങ്ങളില്‍
തൂവലുകള്‍ കരിഞ്ഞ്
സന്യാസിപ്പക്ഷി


ഉടനുടന്‍ താക്കീതോടെ
മായ്ക്കയാണിടിനാദം
ഇരുട്ടില്‍,
മിന്നല്‍പ്പിണരുകൊണ്ടെന്റെ
പ്രണയലേഖനം.

Wednesday, May 19, 2010

ഭയം

ഭയം

ഉരുകിയൊലിക്കുന്ന മെഴുകുതിരിവെട്ടത്തില്‍
ഇന്നലെയുടെ അടയാളങ്ങള്‍
കണ്ണുതുറന്നെഴുന്നേല്‍ക്കുന്നു
തുറന്ന വാതിലിനും
അടഞ്ഞ വാതിലിനും
കാവല്‍.
അഭയമാവേണ്ട
ഭിത്തികള്‍
അടര്‍ന്നു വീഴുമ്പോള്‍
ആണികളില്‍ നിന്നും
എടുത്തെറിയപ്പെടും
ദൈവചിത്രങ്ങള്‍.

Friday, May 7, 2010

നീ.

ജനല്‍ തുറന്നാലിരുട്ട്
വാതിലും തുറന്നു കാട്ടുന്നത്
അതു തന്നെ.

വഴികളെല്ലാം
കറുത്തു കറുത്തു തന്നെ
അടയാളമേതുമില്ലാതെ.

പോവാതിരിക്കാനാവില്ല.

പക്ഷികളെല്ലാം
ഏതോ കിണറിനുള്ളിലാണ്
പേടി സ്വപ്നങ്ങളിലാണ്ട്
തൂവലുകള്‍ കുതിര്‍ന്ന്.

ഇരുട്ടില്‍
കണ്ണുകള്‍ പഴകുമ്പോള്‍
നൂല്‍പ്പാലത്തിലൂടെ
എതിരെ വരുന്നത്
നീ.
തടയാനാവില്ല;
തിരിഞ്ഞു നടക്കാനും.

Saturday, April 17, 2010




സ്ഫടിക രക്തം


തണുപ്പ്
വെള്ളപുതപ്പിച്ച
നിശാഗന്ധികളെ
തൊട്ടുണര്‍ത്തും.

മഞ്ഞിന്റെയും മഴയുടെയും
സ്ഫടിക രക്തം
ഉടഞ്ഞു വീണ ആകാശത്തിന്റെ
നീലച്ചില്ലു പൊട്ടുകളിലൂടൊഴുകും.

ആരുടെതെന്നില്ലാത്ത
മുറിവുകളിലേയ്ക്ക്
പൂവിതളുകളുതിരും.

നീല നിശ്വാസം
ഒരുഹംസ ഗീതമായി
അനന്തതയിലേക്കു
ചിറകടിക്കും രാത്രി.

കറുത്ത വാവിന്റെ
ശിലാമകുടം
വര്‍ഷചുംബനം കാത്തു കിടക്കും.

Saturday, March 27, 2010

ഇവിടെ









ഇവിടെ

കഥ
ആരുമറിഞ്ഞിട്ടില്ല.
വരിവരിയായെത്ര
ചുമടുതാങ്ങികളാണ്
നടന്നു പോയത്!
ഓന്തുകള്‍ പറഞ്ഞതും
ശരിയണ്:
വെറും തോന്നലാണ്
നിറങ്ങള്‍.
ചാഞ്ഞു നില്‍ക്കും
മരം
കൈനീട്ടുന്നു^
ണ്ടൊന്നു നിവരാന്‍.
സ്വത്വം മറന്നതല്ല,
കൊക്കടര്‍ന്നതാണ്,
തൂവല്‍ പൊഴിഞ്ഞതാണ്,
ചിറകൊടിഞ്ഞതാണ്,
എന്നൊക്കെയാവും
മരക്കൊമ്പിലിരുന്നാ
കാണാക്കിളി പറയുന്നത്.
ഇരുട്ടു വന്നു
കണ്ണു കെട്ടും
വെയില്‍ പൂക്കും^
പൊഴിയും
ആരും പറയാതെ^
അറിയാതെ.
ഒരു കുയിലും
പാടാത്ത വസന്തം!

Monday, March 1, 2010

സര്‍റിയല്‍












സര്‍
റിയല്‍

ആകാശത്തെ
ആലിന്‍ കൊമ്പില്‍
ആത്മഹത്യയ്ക്കൊരുങ്ങും
അന്തിവെയില്‍.

നുരഞ്ഞു പൊങ്ങുന്നു
വിഷം കുടിച്ച
ശങ്കുപുഷ്പങ്ങളുടെ
പുനര്‍ജ്ജന്മം

അര്‍ബുദം ബാധിച്ച
ചിരകാല സ്വപ്നം
നീല നദിക്കരെ
നിവര്‍ന്നു കിടന്ന്
ചൂണ്ടയിടുന്നു.

തിരശ്ശീലകളെ മറയ്ക്കും
തിരശ്ശീലകള്‍ക്കിടയില്‍
പൊടുന്നനെ വീണ
ഇരുട്ടില്‍
പരസ്പരം കാണാതെ
മെഴുകു പിണ്ധങ്ങളായ
കഥാപാത്രങ്ങള്‍.

നൂല്പാലത്തിലൂടെ
അഭിമുഖം നടക്കും
വിചാരങ്ങള്‍.

പിന്നില്‍,
പിരിഞ്ഞു പോവാതെ
പിണങ്ങി നില്‍ക്കുന്നു
ചിരിച്ചു തള്ളും സങ്കടം.

മുന്നില്‍,
മുഖം മറയ്ക്കും കഥകള്‍ക്ക്
കഥ മെനയും
കഥകള്‍.
 
ദുസ്വപ്നങ്ങള്‍

കറന്റില്ലാത്ത
രാത്രി.

ഇടിവാള്‍ മൂര്‍ച്ചയില്‍
കഷണങ്ങളാകുന്ന
ഇരുട്ട്.

തലകത്തും തെങ്ങ്
തനിയെ
ഇല്ലാതാവുകയാണ്.

തനിച്ചിരുന്നു കത്തും
റാന്തല്‍
നിശ്വാസങ്ങളെ
അടക്കിപ്പിടിച്ചിരിക്കുന്നു.
പുകച്ചില്ലിലൂടെ
വെളിച്ചം മാത്രം
എത്തിനോക്കുന്നു.

മഴമേഘങ്ങള്‍
പിടയ്ക്കുകയാണ്
ശ്വാസം കിട്ടാതെ.

കാറ്റോടിനടക്കുന്നു -
ണ്ടാവുമൊരെത്തും പിടിയുമില്ലാതെ.

ദാഹിച്ചു ദാഹിച്ചു
മരിക്കാറായ
ഉറക്കം
കൈകാലിട്ടടിക്കുന്നു.

കത്തിരാകുകയാവാം
ദുസ്വപ്നങ്ങള്‍
കാത്തിരിക്കുന്ന രാത്രി.

സുഹൃത്തെ പറയുക















സുഹൃത്തെ
പറയുക

ഓര്‍മയിലെ
നിലാസന്ധ്യ
കടന്നല്‍കുത്തേറ്റു
പുളയുന്നു .

വേദനിക്കുന്നുവോ നിനക്ക്?

വിരല്‍ത്തുമ്പിലെ
ചോര കൊണ്ടൊ-
രര്‍ദ്ധ വൃത്തം വരച്ച്
പോകട്ടെ
എന്ന് ചോദിച്ച്
മറുപടി കാക്കാതെ
പോവാനാവുമോ?....

Monday, February 22, 2010











പട്ടം




ആര്‍ത്തിയോടെ
കുതിക്കും

ഇനിയും
ഇനിയുമെന്ന്
കാറ്റിനോട് പറയും

മേഘത്തെ തൊടും
വെളിച്ചത്തെ
ക്കടക്കും

ഇരുട്ടില്‍
ഒറ്റയ്ക്ക് പായും
ഒടുവിലോന്നുമില്ലെന്നിരിക്കെ
താഴെ വീഴുമ്പോള്‍
ചിരിക്കും
പറന്ന്
കൊതി തീര്‍ന്ന്.

Sunday, February 14, 2010

ഊഞ്ഞാല്‍


ഊഞ്ഞാല്‍


എന്‍റെ ഭൂമി
മുകളിലേയ്ക്കുയര്‍ന്നു
ആകാശം
താഴേയ്ക്കു വന്നു.പൂക്കളും കിളികളും
മുകളിലേയ്ക്കു വന്നില്ല,
നക്ഷത്രങ്ങള്‍

താഴേയ്ക്കും

-മഞ്ജു

പോസ്റ്റ് ഓപ്ഷനുകള്‍

Saturday, February 6, 2010

പാട്ടിന്‍റെ തോണി

പാട്ടിന്‍റെ തോണി

-മഞ്ജു

അക്കരെയ്ക്കാണ്
കയറിയത്,
ഇപ്പോള്‍
ഇക്കരെ.
ചില യാത്രകള്‍
എവിടേയുമെത്തിക്കുന്നില്ല.
കടത്തുകാരാ,
നിന്‍റെ പാട്ടിന്‍റെ തോണിയില്‍ നിന്ന്
എനിക്കിറങ്ങാന്‍ തോന്നുന്നേ
ഇല്ല.



http://sopnangal.blogspot.com/

Monday, February 1, 2010

ഇരുട്ടില്‍













ഇരുട്ടില്‍



നിന്‍റെ കണ്ണുകള്‍ക്ക്‌
എന്‍റെ വേഗതയാണ്.
അവ
എനിയ്ക്ക്
മരുഭൂമിയുടെ ഓര്‍മ തരുന്നു.

ഞാന്‍ എത്രയോ അകലെ
ശൈത്യത്തില്‍.

ഹിമ പാളികള്‍
എന്‍റെ ഹൃദയത്തെ പൊതിഞ്ഞു.

നിന്‍റെ ഹൃദയത്തില്‍ നിന്ന്
വീശിയടിച്ച കാറ്റില്‍
നിലാവലിഞ്ഞു.

ഇരുട്ടില്‍ ഞാനെന്നെ തിരഞ്ഞു
നിന്നെയും



മഞ്ജു

Sunday, January 17, 2010


















വെയില്‍



അരികില്‍
ഒരു
പൂവിരിഞ്ഞു
.

കാറ്റിന്റെ തലോടലില്‍ അലിഞ്ഞു
മണമൊക്കെയും
കളഞ്ഞു
.

വണ്ടിനോട് ചിരിച്ചു
തേനത്രയും വെടിഞ്ഞു

വെയില്നെ പുണര്‍ന്നുഉടലാകെ വാടി
ഇതള
ടര്‍ന്നു.

മൊട്ട്
,
അറിഞ്ഞില്ല

ഇല
ഒന്നും

പറഞ്ഞില്ല..
 
മഴവില്‍

കുതിച്ചോഴുകും
നിലാവിന്‍റെ നദി
അതിന്‍ നടുക്ക്
നങ്കൂരമിട്ട
സ്ഫടിക നൌക

തുള്ളി ത്തെറിക്കും
സ്വപ്ന മത്സ്യങ്ങള്‍

അനങ്ങാത്ത പാറക്കെട്ടുകള്‍
കണ്ണ് കെട്ടാതെ കെട്ടുംമഞ്ഞ്

ഇരുകരയിലും
മണ്ണിനെ മറയ്ക്കും
പുല്ലുകള്‍

മണമില്ലാതെ ചിരിയ്ക്കും
പ്രതിബിംബത്തിലെ
ഇതളുകള്‍

തെച്ചിചോട്ടില്‍ കുരുതി ഒലിപ്പിച്ച കാറ്റിനെ
ഇനി കാണേണ്ട ;

മഴ വില്ലുപോല്‍
മാഞ്ഞു പോവട്ടെ
മനസ്സ്
....................................

-മഞ്ജു

Thursday, December 24, 2009
















ചിലപ്പോള്‍


ചുറ്റും അഗാധത
വിജനത കഴുത്തില്‍ മുറുകും രാത്രി
കാറ്റുകള്‍
തള്ളിയിടാന്‍ നോക്കും

പാറക്കെട്ടുകള്ക് മുകളിലൂടെ
പരക്കം പായും
തീപ്പന്തം കണ്ട പഞ്ഞിക്കെട്ട് പോല്‍
മനസ്
മൌനത്തിന്റെ പൊത്തുകളിലേക്ക്
നിലവിളികള്‍
ഇഴഞ്ഞു കയറും

സ്വപ്‌നങ്ങള്‍ വിഴുങ്ങി
തിരിച്ച് ഇറങ്ങാനാവാതെ
ശ്വാസം മുട്ടും

ഭയം ,
അതിന്റെ നിലവറക്കുള്ളില്‍
എണ്ണതീരാറായ വിളക്കിനു മുന്നില്‍
കണ്ണടച്ചു
പ്രാര്‍ത്ഥിക്കും
.
 
 
അമ്മ
ടല്‍ക്കരയില്‍
കാറ്റുകള്‍ ഓടിക്കളിക്കും

കൊഞ്ചിക്കൊഞ്ചി
മുടിയിഴകളിലും
സാരിത്തുന്പിലും
പിടിച്ചുവലിക്കും

തിരത്തോണികള്‍
കടലില്‍ ഇറക്കും
തിരിച്ചു വരും

അരികിലിരുന്നൊരാള്‍
ചേര്‍ത്ത്പിടിച്ചിട്ടും
മണല്‍ തരികള്‍ പോലെ
ഊര്‍ന്നു പോവും മനസ്സ്
അസ്തമിക്കാത്ത സന്ധ്യ
ആഗ്രഹിക്കും
കൂടണഞ്ട്ടൂം
കടലിരമ്പും
കാറ്റുലക്കും

ഗാഡനിദ്രയുടെ പാതിരാവിലും
ഹൃദയം
ഒരു തേങ്ങലിനെ
തൊട്ടിലാട്ടും


_ മഞ്ജു

ഒരു നിമിഷം

കടലൊരു തിര


മറ്റൊരു തിര

വീണ്ടും...



തിരികെപ്പോവും തിര

തിരിഞ്ഞൊന്നു നോക്കിയാല്‍

കാണാം



മണല്‍‌പുറ്റുകള്‍ക്കു മേല്‍

സര്‍പ്പമുട്ടകള്‍ കൊത്തിയുടയ്ക്കും

പക്ഷിപ്രേതം



ആയിരം നക്ഷത്രങ്ങളിലും

അമാവാസിക്കിരുട്ട്

ഒരൊറ്റച്ചന്ദ്രന്റെ

ധവളരക്തത്തില്‍

കുതിരും പൌര്‍ണമി



മറുകര കാണാതെ

തിരികെപ്പോരും കടല്‍പ്പാലം

കാലങ്ങളോളം

കാത്തിരുന്നു മടുക്കും



ചില്ലുകൊണ്ട്

ചില്ലെറിഞ്ഞുടയ്ക്കും

ഒരേ മനസ്സിന്റെ രേഖാശാസ്ത്രം

വിരലില്‍ പാകമാകാത്ത മോതിരം

വലിച്ചെറിയാന്‍ തുടങ്ങുമ്പോള്‍‌‌‌



ഒന്നു നില്‍ക്കണം

എന്നു പറയുന്നുണ്ട്:

അതിന്റെ തന്നെ കൈകളാല്‍

ഞെരിഞ്ഞു പിടയുന്ന

ഒരു നിമിഷം...