Sunday, August 1, 2010


നിറങ്ങളുടെ കടല്‍


ഓരോ ദിവസവും
വേറിട്ടൊരു വഴിയാണ്
തിരയുന്നത്.

ഏതുവഴിയിലും
ഒരേ സുഹൃത്തു തന്നെ
എതിരെ വരുന്നു.

ചിരിച്ചു കൈനീട്ടുമ്പോള്‍
മാറിയ മുഖമെന്നു
സുഹൃത്തു പറയുന്നു.

എന്നും
ഒരേ മുള്‍മരം
വഴിയില്‍ നില്‍ക്കുന്നു.

ചിറകു കുരുങ്ങിയ
ശലഭങ്ങളും
ഹൃദയം തുളഞ്ഞുപോയ
കരിയിലകളും...

ഒടുവിലൊരു കടല്‍
വഴിയെ തടുക്കുന്നു.

നിറങ്ങളുടെ കടല്‍
തിരകളെ പായിക്കുന്നത്
പുതിയ ചിത്രങ്ങളെഴുതാനാവണം.

പഴയതൊന്നും
ബാക്കി വെയ്ക്കാതെ
മായ്ച്ചു മായ്ച്ച്...

-മഞ്ജു

Monday, July 5, 2010

മരിച്ച വാക്കുകള്‍

അടഞ്ഞ ജാലകം
വിള്ളലിലൂടെ
വെയില്‍വരകളെക്കാണിക്കും
നിലാവും
വരകളായ് വന്നുതൊടും
തൊണ്ട കയ്ക്കും
കാഴ്ചയിലൊരേ ചിത്രം -
കണ്ണടയ്ക്കേണ്ട, തുറക്കേണ്ട.


അരികില്‍വന്നാരോ
തൊട്ടുവിളിക്കും പോലൊരു
തോന്നലായിടയ്ക്കിടെ
ടെലിഫോണ്‍ ശബ്ദിക്കും


പുറത്തുണ്ടാവാം
ആരുടെയോ അതിഥികളെപ്പോലെ
നിഴല്‍ക്കൂട്ടങ്ങള്‍,
കരിയിലക്കാറ്റുകള്‍


ഉറക്കം ഞെട്ടിയപോല്‍
താനേ തുറക്കും ജാലകം
മാറും ചിത്രം


ഇപ്പോള്‍,
മഴക്കാറിനാല്‍
മുഖം മൂടി നില്ക്കും
മാനം


ഏകാന്തതയുടെ ശിഖരങ്ങളില്‍
തൂവലുകള്‍ കരിഞ്ഞ്
സന്യാസിപ്പക്ഷി


ഉടനുടന്‍ താക്കീതോടെ
മായ്ക്കയാണിടിനാദം
ഇരുട്ടില്‍,
മിന്നല്‍പ്പിണരുകൊണ്ടെന്റെ
പ്രണയലേഖനം.

Wednesday, May 19, 2010

ഭയം

ഭയം

ഉരുകിയൊലിക്കുന്ന മെഴുകുതിരിവെട്ടത്തില്‍
ഇന്നലെയുടെ അടയാളങ്ങള്‍
കണ്ണുതുറന്നെഴുന്നേല്‍ക്കുന്നു
തുറന്ന വാതിലിനും
അടഞ്ഞ വാതിലിനും
കാവല്‍.
അഭയമാവേണ്ട
ഭിത്തികള്‍
അടര്‍ന്നു വീഴുമ്പോള്‍
ആണികളില്‍ നിന്നും
എടുത്തെറിയപ്പെടും
ദൈവചിത്രങ്ങള്‍.

Friday, May 7, 2010

നീ.

ജനല്‍ തുറന്നാലിരുട്ട്
വാതിലും തുറന്നു കാട്ടുന്നത്
അതു തന്നെ.

വഴികളെല്ലാം
കറുത്തു കറുത്തു തന്നെ
അടയാളമേതുമില്ലാതെ.

പോവാതിരിക്കാനാവില്ല.

പക്ഷികളെല്ലാം
ഏതോ കിണറിനുള്ളിലാണ്
പേടി സ്വപ്നങ്ങളിലാണ്ട്
തൂവലുകള്‍ കുതിര്‍ന്ന്.

ഇരുട്ടില്‍
കണ്ണുകള്‍ പഴകുമ്പോള്‍
നൂല്‍പ്പാലത്തിലൂടെ
എതിരെ വരുന്നത്
നീ.
തടയാനാവില്ല;
തിരിഞ്ഞു നടക്കാനും.

Saturday, April 17, 2010
സ്ഫടിക രക്തം


തണുപ്പ്
വെള്ളപുതപ്പിച്ച
നിശാഗന്ധികളെ
തൊട്ടുണര്‍ത്തും.

മഞ്ഞിന്റെയും മഴയുടെയും
സ്ഫടിക രക്തം
ഉടഞ്ഞു വീണ ആകാശത്തിന്റെ
നീലച്ചില്ലു പൊട്ടുകളിലൂടൊഴുകും.

ആരുടെതെന്നില്ലാത്ത
മുറിവുകളിലേയ്ക്ക്
പൂവിതളുകളുതിരും.

നീല നിശ്വാസം
ഒരുഹംസ ഗീതമായി
അനന്തതയിലേക്കു
ചിറകടിക്കും രാത്രി.

കറുത്ത വാവിന്റെ
ശിലാമകുടം
വര്‍ഷചുംബനം കാത്തു കിടക്കും.

Saturday, March 27, 2010

ഇവിടെ

ഇവിടെ

കഥ
ആരുമറിഞ്ഞിട്ടില്ല.
വരിവരിയായെത്ര
ചുമടുതാങ്ങികളാണ്
നടന്നു പോയത്!
ഓന്തുകള്‍ പറഞ്ഞതും
ശരിയണ്:
വെറും തോന്നലാണ്
നിറങ്ങള്‍.
ചാഞ്ഞു നില്‍ക്കും
മരം
കൈനീട്ടുന്നു^
ണ്ടൊന്നു നിവരാന്‍.
സ്വത്വം മറന്നതല്ല,
കൊക്കടര്‍ന്നതാണ്,
തൂവല്‍ പൊഴിഞ്ഞതാണ്,
ചിറകൊടിഞ്ഞതാണ്,
എന്നൊക്കെയാവും
മരക്കൊമ്പിലിരുന്നാ
കാണാക്കിളി പറയുന്നത്.
ഇരുട്ടു വന്നു
കണ്ണു കെട്ടും
വെയില്‍ പൂക്കും^
പൊഴിയും
ആരും പറയാതെ^
അറിയാതെ.
ഒരു കുയിലും
പാടാത്ത വസന്തം!

Monday, March 1, 2010

സര്‍റിയല്‍
സര്‍
റിയല്‍

ആകാശത്തെ
ആലിന്‍ കൊമ്പില്‍
ആത്മഹത്യയ്ക്കൊരുങ്ങും
അന്തിവെയില്‍.

നുരഞ്ഞു പൊങ്ങുന്നു
വിഷം കുടിച്ച
ശങ്കുപുഷ്പങ്ങളുടെ
പുനര്‍ജ്ജന്മം

അര്‍ബുദം ബാധിച്ച
ചിരകാല സ്വപ്നം
നീല നദിക്കരെ
നിവര്‍ന്നു കിടന്ന്
ചൂണ്ടയിടുന്നു.

തിരശ്ശീലകളെ മറയ്ക്കും
തിരശ്ശീലകള്‍ക്കിടയില്‍
പൊടുന്നനെ വീണ
ഇരുട്ടില്‍
പരസ്പരം കാണാതെ
മെഴുകു പിണ്ധങ്ങളായ
കഥാപാത്രങ്ങള്‍.

നൂല്പാലത്തിലൂടെ
അഭിമുഖം നടക്കും
വിചാരങ്ങള്‍.

പിന്നില്‍,
പിരിഞ്ഞു പോവാതെ
പിണങ്ങി നില്‍ക്കുന്നു
ചിരിച്ചു തള്ളും സങ്കടം.

മുന്നില്‍,
മുഖം മറയ്ക്കും കഥകള്‍ക്ക്
കഥ മെനയും
കഥകള്‍.

No comments:

Post a Comment